ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിതത്തിരക്കുകൾ കൊണ്ടു നട്ടം തിരിയുമ്പോഴും മാതൃഭാഷയിൽ ആത്മാവിഷ്കാരം നടത്തുന്നവരാണ് നമ്മൾ മലയാളം ബ്ലോഗെഴുത്തുകാർ. ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തൊന്ന് ഞായറാഴ്ച മലയാളം ബൂലോകത്തിന് അഭിമാനമായി തൃശൂർ പൂരവും, അസംഖ്യം വിവാഹച്ചടങ്ങുകളും ഉള്ള ദിവസമായിരുന്നിട്ടും, നൂറോളം എഴുത്തുകാർ തിരൂർ തുഞ്ചൻ പറമ്പിൽ ഒത്തു ചേരുകയും, സൌഹൃദം പങ്കിടുകയും, ബൂലോകത്തിന്റെ വളർച്ചയ്ക്കും പ്രചരണത്തിനുമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയുമുണ്ടായി.
ഡോക്ടർമാരും, എഞ്ചിനീയർമാരും, അധ്യാപകരും, സാമൂഹ്യപ്രവർത്തകരും, വീട്ടമ്മമാരും, കൂലിപ്പണിക്കാരും, വിദ്യാർത്ഥികളും അടങ്ങുന്ന ഒരുകൂട്ടം ഭാഷാസ്നേഹികളുടെ ഈ കൂട്ടായ്മ അത്യന്തം ആവേശകരവും, സാർത്ഥകവുമായിത്തീർന്നതിൽ അളവറ്റ ചാരിതാർത്ഥ്യം ഇതിന്റെ സംഘാടകർക്കുണ്ട്. പങ്കെടുക്കുകയും പിൻ തുണയ്ക്കുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു.
തുഞ്ചൻ പറമ്പ് സംഗമം നടന്ന മുഖ്യവേദിയുടെ പ്രവേശനകവാടം.
നിറഞ്ഞ സദസ്
സദസിന്റെ മുൻ നിര
വനിതാ സാന്നിധ്യം
ഇസ്മയിൽ കുറുമ്പടിയുടെ ‘നരകക്കോഴികൾ’ പ്രകാശനം ചെയ്യുന്നു.
ജിലു ആഞ്ചലയുടെ പുസ്തക പ്രകാശനം
ഗ്രൂപ്പ് ഫോട്ടോ
മീറ്റ് വാർത്തകൾ
മലയാള മനോരമ
ദേശാഭിമാനി
മീറ്റിൽ നടന്ന ചർച്ചകളിൽ നിന്നുരുത്തിരിഞ്ഞ തീരുമാനങ്ങൾ എല്ലാ ബ്ലോഗർമാരുടെയും ശ്രദ്ധാപൂർവമായ വായനയ്ക്കും മാർഗനിർദേശങ്ങൾക്കുമായി ഇവിടെ അവതരിപ്പിക്കുന്നു.
1. മലയാളഭാഷയുടെ വളർച്ചയ്ക്കും, പ്രചരണത്തിനും ഇന്ന് ഏറ്റവും യുക്തമായ മാധ്യമമാണ് ബ്ലോഗ്.
2. ആശയവിനിമയത്തിനും സൌഹൃദം പങ്കിടുന്നതിനുമായി നിരവധി സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളേയും, പുതിയ സാങ്കേതികവിദ്യകളേയും നമ്മൾ സ്വാഗതം ചെയ്യുന്നു. പെട്ടെന്ന് പ്രതികരിക്കേണ്ട ഒരു വിഷയത്തിൽ അവ ഉപകരിക്കുകയും ചെയ്യും. വെബ് ലോഗ് എന്നതിൽ നിന്നാണല്ലോ ബ്ലോഗ് ഉണ്ടായത്. അതുകൊണ്ട് വെബ്ബിലുള്ള എല്ലാ എഴുത്തും ബ്ലോഗെഴുത്തു തന്നെ.
3. എന്നാൽ സാഹിത്യ രചന, ഭാഷാ പരിപോഷണം എന്നിവയ്ക്ക് ഏറ്റവും നല്ലത് ബ്ലോഗ് തന്നെയാണ്.
4.ബ്ലോഗർമാർ, സമൂഹത്തിലെ മറ്റംഗങ്ങളെപ്പോലെ ഫെയ്സ് ബുക്കോ, ട്വിറ്ററോ, ജി പ്ലസോ ഒക്കെ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, ചാറ്റും, സൊറപറച്ചിലിലും, ലൈക്കും, ഷെയറിംഗും മാത്രമായി സമയം കളയുന്നത് കുറച്ച്, എഴുത്തിനും വായനയ്ക്കുമായി കൂടുതൽ സമയം നീക്കിവയ്ക്കേണ്ടിയിരിക്കുന്നു. എഴുതിയ പോസ്റ്റുകൾ കൂടുതൽ ആളുകളിൽ എത്തിക്കാൻ ഫെയ്സ്ബുക്കും, ട്വിറ്ററും, ജി പ്ലസും ഒക്കെ ഉപയോഗിക്കുക.
5. ഇനി ആർക്കെങ്കിലും ഫെയ്സ് ബുക്ക് നോട്ടുകൾ ആയി എഴുതാനാണ് താല്പര്യമെങ്കിലും അവ ബ്ലോഗിൽ കൃത്യമായി പോസ്റ്റ് ചെയ്യുകയും ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യുക. ഫെയ്സ് ബുക്കിൽ ദിനം പ്രതിയുള്ള അപ്ഡേറ്റുകളുടെ കുത്തൊഴുക്കിൽ ഒരാൾക്ക് നമ്മുടെ നോട്ടുകൾ വീണ്ടും തിരഞ്ഞ് കണ്ടെത്താൻ പ്രയാസമാണ്. ഒരു ദിവസം കഴിഞ്ഞാൽ ആ നോട്ട് ആരും ശ്രദ്ധിച്ചില്ലെന്നും വരും. എന്നാൽ ബ്ലോഗിലാകട്ടെ നമ്മുടെ ഒരു പോസ്റ്റിന് വർഷങ്ങളോളം വിസിറ്റേഴ്സ് ഉണ്ടായിക്കൊണ്ടേയിരിക്കും. ഇത് നമുക്കൊക്കെ അനുഭവമുള്ളതാണ്.
6. നല്ല വായനയാണ് നല്ല എഴുത്തിനുള്ള ഊർജം. അതുകൊണ്ട് നന്നായി വായിക്കുക. ഓൺലൈനിലും, ഓഫ് ലൈനിലും.ഇനിയും പരിചരണം ആവശ്യമുള്ള മാധ്യമം ആയതുകൊണ്ട് ബ്ലോഗർമാർ പരസ്പരം പ്രോത്സാഹിപ്പിക്കുകയും, വിമർശിക്കുകയും, സഹിഷ്ണുത പുലർത്തുകയും ചെയ്യുക. നല്ല പോസ്റ്റുകൾ നമ്മൾ തന്നെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക. തല്പരരായ ബ്ലോഗർമാരെ ഉൾപ്പെടുത്തി,രചനകൾ കഥ, കവിത, മറ്റിനങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ച് പാനലുകൾ ഉണ്ടാക്കി ഇക്കാര്യം ചെയ്യാവുന്നതാണ്.
7. എഴുത്തിൽ അക്ഷരത്തെറ്റുകൾ കഴിയുന്നത്ര കുറയ്ക്കുക. കടും നിറങ്ങൾ, അമിതമായ ഡിസൈൻ ഭ്രാന്ത്, ഗാഡ്ജറ്റുകൾ കുത്തി നിറയ്ക്കൽ ഇവ വായനക്കാരെ അകറ്റും. അതുകൊണ്ട് അവ ഒഴിവാക്കുക.
8. ജനാധിപത്യപ്രക്രിയയിൽ ഇടപെടുന്നതിനും, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പൊതുധാരയിലേക്കു കൊണ്ടുവരുന്നതിനും, നൈമിഷികമായ ചർച്ചകൾക്കുപരി, അവധാനതയോടെ പഠിച്ച് പ്രതികരിക്കുന്നതിനുമായി ഗൌരവമുള്ള ബ്ലോഗ് രചനകളെ പ്രോത്സാഹിപ്പിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക. കഴിയുമെങ്കിൽ അവയ്ക്ക് സംസ്ഥാനതലത്തിൽ ഒരു ഏകോപനം ഉണ്ടാക്കിയെടുക്കുക. ഇത് അവയുടെ ആധികാരികത/നിജസ്ഥിതി ഉറപ്പു വരുത്തുന്നതിനു സഹായിക്കും.
9. രാഷ്ട്രീയ-മത-സാംസ്കാരിക ചർച്ചകൾക്ക് വിലക്കോ നിയന്ത്രണമോ ഏർപ്പെടുത്തേണ്ടതില്ല. ഓരോരുത്തർക്കും താല്പര്യമുള്ള വിഷയങ്ങളിൽ അവരവർ ഇടപെടുക.
10. മലയാളം ബ്ലോഗിലേക്ക് 25 വയസിൽ താഴെയുള്ള തലമുറയെ ആകർഷിക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. ഇതിനായി സ്കൂൾ-കോളേജ് തലങ്ങളിൽ ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കണം. കേരളത്തിലെ 14 ജില്ലകളിലും തദ്ദേശീയരായ ബ്ലോഗർമാരുടെ ആഭിമുഖ്യത്തിൽ ഇതു ചെയ്യണം.
11. പ്രകൃതിസംരക്ഷണം പോലുള്ള കാര്യങ്ങൾ ഓൺ ലൈൻ ആക്ടിവിസം മാത്രമായി കൊണ്ടു നടക്കരുത്. അതിൽ താല്പര്യമുള്ളവർ സമൂഹത്തിലിറങ്ങി പ്രവർത്തിക്കുകയും അതെപ്പറ്റി ബ്ലോഗിലോ, സോഷ്യൽ മീഡിയയിലോ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നതാണുത്തമം.
12.നമ്മുടെ പ്രധാന ലക്ഷ്യം മലയാളത്തിൽ ചിന്തിക്കുക, വായിക്കുക, എഴുതുക എന്നതാവണം. ഭാവിതലമുറയെക്കൂടി അതിലേക്കാകർഷിക്കുന്ന രീതിയിലാവണം മലയാളം ബ്ലോഗെഴുത്തുകാരുടെ ചെയ്തികൾ.
ഏതു മേഖലയിലും എന്ന പോലെ ബ്ലോഗർമാർക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.അവയിൽ സമചിത്തതയോടെ മാത്രം ഇടപെടുക.
ഒന്നോർക്കുക. കേരളത്തിലെ ഓൺലൈൻ ഉപയോക്താക്കളിൽ 10 ശതമാനം ആളുകൾ പോലും ബ്ലോഗ് എഴുതുന്നവരല്ല. എന്നാൽ ഫെയ്സ് ബുക്ക്, ട്വിറ്റർ തുടങ്ങിയവയെ പരിപോഷിപ്പിക്കാൻ ലക്ഷക്കണക്കിന് ഉപയോക്താക്കൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്.അവർ അതു ചെയ്യട്ടെ. നമുക്ക് മലയാളം ബ്ലോഗിനെ പോഷിപ്പിക്കാം.
ഇവിടെ സൂചിപ്പിച്ച വിഷയങ്ങൾ കൂടാതെ പുതുതായി എന്തെങ്കിലും ഉണ്ടെങ്കിൽ അതും നിർദേശിക്കാവുന്നതാണ്.
കൂടുതൽ മീറ്റ് ചിത്രങ്ങൾക്ക് ഇവിടെ നോക്കുക.
45 comments:
Well said it is ..
നമുക്ക് മലയാളം ബ്ലോഗിനെ പോഷിപ്പിക്കാം.
നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു. പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതാണ്. ഇതിന്റെ ആദ്യപടിയായി ഫേസ്ബുക്ക് കുറച്ച് ദിവസത്തേക്ക് ഹൈബർനേറ്റ് ചെയ്ത് കൂടുതൽ വായനയിലേക്ക് എഴുത്തിലേക്കും കടക്കുന്നു. ബ്ലോഗെഴുത്തിന്റെ നല്ലകാലം തിരിച്ചുവരുമെന്നും മാറ്റങ്ങൾ ഒരുപാട് ഉണ്ടാക്കാൻ നമുക്കാവും എന്ന് ഉറച്ച വിശ്വാസവും ഉണ്ട്.
സന്തോഷം ഇതെല്ലാം അറിയുന്നതില്‍.
ഒപ്പം പങ്കെടുക്കാന്‍ സാധിക്കാത്തതിലെ നിരാശയും
സുചിന്തിതമായ ..സ്വാഗതാര്‍ഹമായ തീരുമാനങ്ങള്‍ ...വേണ്ടപ്പെട്ടവര്‍ വേണ്ടത്രയുള്ള തറവാട്ടിലേക്ക് നടന്നടുക്കുമ്പോള്‍ അനുഭവപ്പെടുന്ന മനസുഖം
വളരെ നല്ല നിര്‍ദേശങ്ങള്‍ ...
മലയാളം ബ്ലോഗിങ്ങ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ
സ്വാഗതാര്‍ഹം ....
മയക്കത്തിലായ ബ്ലൊഗ്ഗെർമാരെ ഒന്ന് തട്ടിയുനർതാൻ തിരൂർ മീറ്റിനു സാധിച്ചു
മറക്കാനാവാത്ത ഒരനുഭവമായിരുന്നു മീറ്റ്...
മ്മടെ മീറ്റ് പോസ്റ്റ് ഇവിടെ..
തുഞ്ചനിലെ ഈറ്റും മീറ്റും ചാറ്റും..
സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍...
രണ്ടു ചെറിയ നിർദേശങ്ങൾ ; അഭിപ്രായങ്ങൾ എന്ന് പറയുന്നതാവും കൂടുതൽ ശരി
പലപ്പോഴും നമ്മൾ എഴുതുന്നത് ഒന്നുകിൽ അവനവനു വേണ്ടി - ഡയറിയിൽ എഴുതിയിരുന്നത് ബ്ലോഗിലേക്ക് പറിച്ചു നടുന്നു ; അതല്ലെങ്കിൽ പൊതുവായ എന്തെങ്കിലും കാര്യത്തെക്കുറിച്ച്. ഇതിൽ സ്വകാര്യമായ എഴുത്തിന്റെ വകഭേദങ്ങൾ ആണ് കഥയും കവിതയും മറ്റുമായി വരുന്നതു. പൊതുവായ കാര്യങ്ങളെ ക്കുറിച്ചുള്ള അഭിപ്രായങ്ങൾ ലേഖനങ്ങൾ ആയും അതിന്റെ വകഭേദങ്ങൾ ആയും വരുന്നു.
ഒരു ഭാഷ വളരണമെങ്കിൽ ആ ഭാഷ ഉപയോഗിക്കുന്നവർ തേടുന്ന കാര്യങ്ങൾ ആ ഭാഷയിൽ വരണം. എല്ലാ മനുഷ്യരും സാഹിത്യം ഇഷ്ടപ്പെടുന്നവർ അല്ല. ബ്ലോഗുകളിൽ കൂടുതലും സാഹിത്യമാണ് , പിന്നെയുള്ളത് ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളും, അതിൽ തന്നെ എഴുത്തുകൾ പലതും പല നിലവാരത്തിൽ ഉള്ളവ . ബഹുഭൂരിഭാഗം വരുന്ന മലയാളികളുടെ മുന്നിൽ ഒരിക്കൽ പോകും തെളിയാത്ത പേരുകളാണ് നമ്മുടെ (ബെർലി , നിരക്ഷരൻ എന്നിവരെ പോലും പലർക്കും അറിയില്ല) ; സമൂഹത്തിൽ നമ്മുടെതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ നമുക്കായിട്ടില്ല എന്നത് തന്നെ പ്രധാനകാരണം.
നമ്മുടെ കൂടിച്ചേരലിന്റെ ഉദ്ദേശങ്ങൾ - ഇ-മലയാളഭാഷയുടെയും മലയാളം ബ്ലോഗുകളുടെയും വളർച്ച ത്വരിതപ്പെടുത്തുക , സാധ്യമാക്കാൻ സഹായകം എന്നെനിക്കു തോന്നുന്ന രണ്ടു കാര്യങ്ങൾ
1. നിരക്ഷരൻ ഓർമപ്പെടുത്തിയ പോലെ "വെബ് ലോഗ് " ആണ് ബ്ലോഗ് , ഇൻറർനെറ്റിൽ നമ്മൾ എവിടെ എഴുതിയാലും അത് ബ്ലോഗാണ് . കൂടുതൽ ജനങ്ങളെ മലയാളം ഉപയോഗിക്കാൻ പ്രേരിപ്പിക്കണം എങ്കിൽ അവർ തേടുന്ന വിവരങ്ങൾ നമ്മൾ മലയാളത്തിൽ ലഭ്യമാകണം .
I. വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കുക എന്നത് നമ്മൾ പരിഗണിക്കേണ്ട ഒരു കാര്യമാണ് .
II. നമ്മുടെ ചുറ്റുമുള്ള സ്ഥാപനങ്ങൾ , നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ , നമ്മുക്ക് പരിചയമുള്ള സ്ഥലങ്ങൾ എന്നിങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൽ കൂടി പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് നമ്മൾ മലയാളത്തിൽ എഴുതണം
III. ബ്ലോഗ്ഗർമാരിൽ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട ബ്ലോഗ്ഗർമാർ ഉണ്ട് - നല്ലൊരു ജോലി സ്വപ്നം കണ്ടു നടക്കുന്ന എല്ലാ ചെറുപ്പക്കാർക്കുമായി ഒരു "കൂട്ടുകക്ഷി ബ്ലോഗ് " മലയാളത്തിൽ നമ്മൾ തുടങ്ങണം . ലോകത്തുള്ള എല്ലാത്തരം നല്ല ജോലികളെ പറ്റിയും അവ എങ്ങനെ നേടാം എന്നുമുള്ള വിവരണങ്ങൾ തേടി ഒരുപാട് പേര് എത്തും (ഇംഗ്ലീഷിൽ ഈ വിവരങ്ങൾ ധാരാളം ലഭ്യമാണ് തർജമ ചെയ്താലും മതിയാകും )
[പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി കൊല്ലത്തൂന്നും വരും എന്നല്ലേ! ]
2. നമ്മുടെ വൈവിധ്യം നമ്മൾ പ്രയോജനപ്പെടുത്തണം അതിലൂടെ ബ്ലോഗ്ഗർമാർക്ക് സമൂഹത്തിൽ ഒരു സ്ഥാനം ഉണ്ടാക്കാൻ കഴിയണം . സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒരുപാട് പേർ നമുക്കിടയിൽ ഉണ്ട് ; ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ കുറച്ചെങ്കിലും കാര്യങ്ങൾ പരിഹരിക്കാൻ നമുക്ക് കഴിയണം ; നമ്മുടെ അറിവുകളുടെ സങ്കലനത്തിലൂടെ നമുക്കത് നേടിയെടുക്കാവുന്നതേയുള്ളൂ. കൂടുതൽ കൂട്ടായപ്രവർത്തനങ്ങൾ നമുക്കിടയിൽ ഉണ്ടാകണം
എന്റെ ആദ്യത്തെ ബ്ലോഗ്ഗർ മീറ്റ് ആയിരുന്നു എങ്കിലും കുറച്ചു കൂടി ഗൗരവമേറിയ ചർച്ചകളും മറ്റും ആകാമായിരുന്നു എന്ന് തോന്നുന്നു . പുറത്തിരുന്നു കുറ്റം കണ്ടുപിടിക്കാൻ വളരെ എളുപ്പമാണെന്ന് എനിക്കറിയാം :) "നന്നായി" എന്ന് തന്നെ പറയാവുന്ന ഒരു സംഗമം ആയിരുന്നു അതു, അതിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഓരോ സംഗമം കഴിയുമ്പോഴും നമുക്ക് വന്ന ചെറിയ ചെറിയ പിഴകൾ പങ്കു വെച്ചാൽ അടുത്ത തവണ അത് ആവർത്തിക്കാതിരിക്കാൻ സംഘടകര്‍ക്ക് കഴിയും , അങ്ങനെ അതിന്റെ നിലവാരവും കുടും .
ഒരുപാട് പേരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു , വളരെ സന്തൊഷം. യാത്ര വെറുതെ ആയില്ല. ഈ കാര്യങ്ങൾ ഒക്കെ അവിടെ വെച്ചേ പറയണം എന്നുണ്ടായിരുന്നു ; ചില സാങ്കേതികതടസങ്ങൾ മൂലം സാധിച്ചില്ല.
വളരെ നല്ല തീരുമാനങ്ങൾ.....ബ്ലോഗെഴുത്തിന്റെ ഒരു നല്ല കാലത്തിനായി എല്ലാവർക്കും ഒന്നുചേർന്ന് പ്രവർത്തിയ്ക്കാം..... വരും കാലങ്ങളിൽ മലയാളം ബ്ലോഗ്ഗ് കൂടുതൽ വളരട്ടെ എന്ന് ആശംസിയ്ക്കുന്നു....
നല്ല നിര്‍ദേശങ്ങള്‍ തന്നെ..എല്ലാ ബ്ലോഗ്ഗര്മാരും കൂടി ഒത്തൊരുമിച്ചു പ്രാവര്ത്തികമാക്കം ......ആശംസകള്‍..
സ്വാഗതാര്‍ഹമായ തീരുമാനങ്ങള്‍.........
നല്ലൊരു വിഭാഗം ബ്ലോഗ്ഗേഴ്സ് രചനകള്‍ നടത്തുന്നത് അവരുടെ ജോലിക്കിടയിലാണ്. അത് നമുക്ക് തന്നെ ഒരു പാരയാവാതെ എല്ലാവരും ശ്രദ്ധിക്കുക. സ്വന്തം ജോലിയും നിലനില്‍പ്പും അപകടത്തിലാക്കി ഒരു കളിയും ബ്ലോഗ്ഗര്മാര് ദയവായി നടത്തരുത്. റിസ്കൊന്നും ഇല്ലാതെ ജോലിക്കിടയില്‍ ബ്ലോഗ് എഴുതുന്നവര്‍ക്ക് പ്രശ്നമില്ല. യാഥാര്‍ത്ഥ്യം എന്നും കയ്പ്പുള്ള ഒന്നായിരുക്കും എന്ന് ഓര്‍ക്കുക.
കൊള്ളാം :)
ഏതു മേഖലയിലും എന്ന പോലെ ബ്ലോഗർമാർക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. - എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ആശയപ്രചാരണരംഗത്തെ ശക്തമായ മാധ്യമമായി മാറിക്കൊണ്ടിരിക്കുന്ന ബ്ലോഗെഴുത്തിനോടൊപ്പം നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം....
ബ്ലോഗർമാർ കുറേക്കൂടി സീരിയസ് ആയി ബ്ലോഗെഴുത്തിനെ സമീപിക്കേണ്ടതുണ്ട് എന്ന തോന്നിയിട്ടുണ്ട്. ഇത്തരം നിർദേശങ്ങൾ നാളെയുടെ ബ്ലോഗെഴുത്തിന് ദിശാബോധം നൽകട്ടെ......
ബ്ലോഗു കൂട്ടായമയായി നിന്ന് നമുക്ക് പലതും പ്രവർത്തിച്ചു നേടാൻ കഴിയും എന്നാണ് എന്റെ വിശ്വാസം ഇപ്പോൾ തന്നെ നമ്മൾ വലിയ നേട്ടങ്ങൾ നേടിക്കഴിഞ്ഞു; അല്ലെങ്കിൽ ഈ സൌത്താഫ്രിക്കയിൽ ജീവിക്കുന്ന ഞാൻ നിങ്ങളെ ആരെയെങ്കിലും അറിയുമായിരുന്നോ? മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം അതു വളരെ വലുതാണ്; ആ ഒരു ബന്ധം ഇപ്പോൾ തന്നെ ബോഗ്ഗ് തന്നിട്ടുണ്ട്; അതാണ് എന്റെ വലിയ നേട്ടം എന്നെപോലെ പലർക്കും.
അതുപോലെ മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച്, പ്രവർത്തിക്കയും വേണം; എന്തിനും കൂട്ടായ്മയുണ്ടാവുകയാണ് കാലത്തിന്റെ ആവശ്യ; അതിനായി വലിയ പൊട്ടെൻഷ്യൽ ഉള്ള ഒരു മീഡിയമാണ് ഇത്; അതനുസരിച്ച് പ്രവർത്തിച്ചാൽ.
ഒരു ബ്ലോഗ് ആക്റ്റിവിസ്റ്റു ഗ്രൂപ്പിനേക്കുറിച്ച് ഈ പശ്ചാത്തലത്തിൽ ചിന്തിക്കാവുന്നതാണ്; പല സമൂഹ്യ പ്രശ്നങ്ങൾക്കും ഒറ്റക്കെട്ടായി അഭിപ്രായം രൂപീകരിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല;(എന്നെനിക്കു തോന്നുന്നു) ഓരോരുത്തരും-എല്ലാവരും എന്ന ഒരു പ്രവർത്തന മൊഡിലേക്ക് നമ്മൾ വളരേണ്ടതുണ്ട്; അതുപോലെ തന്നെ ഏതു പൊതു സംരംഭത്തിനും അതിന്റേതായ ഒരു വിഷൻ ഉണ്ടാകണം; മിഷൻ ഉണ്ടാകണം. ഇതൊക്കെ കൂട്ടായ്മയിൽ പോകാതെയും പൊതു ചർച്ചകളിലൂടെ നമുക്ക് നേടിയെടുക്കാൻ കഴിയും എന്നു തന്നെ വിശ്വസിക്കുന്നു.
തൽക്കാലം ഇത്രയും:)
നല്ല നിർദ്ദേശങ്ങൾ കൃഷ്ണപ്രസാദ്. കൂടുതൽ ആളുകൾ ഇതുപോലെ അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു. നമുക്ക് ഒക്കെ ക്രോഡീകരിച്ച് ഒരു അന്തിമ രൂപം ഉണ്ടാക്കാം.
നല്ല വെടിപ്പായിട്ടു പറഞ്ഞത് ഞമ്മക്ക് പെരുത്തിഷ്ടായി. ഇനി വായിക്കുന്നവരും ക്രോഡീകരിച്ചു വിശദീകരിക്കട്ടെ .. അപ്പോള്‍ കൂടുതല്‍ സഹായകമാകും.
ബൂലോകത്തെ സജീവമാക്കാന്‍ പാകത്തില്‍ ചില മേമ്പൊടികള്‍ ചേര്‍ക്കേണ്ടിയിരിക്കുന്നു, നല്ല നിര്‍ദേശങ്ങള്‍
അതെന്നെ ! ..നന്നായിരിക്കുന്നു.
വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം.പിതാവിന്റെ വേർപാടിൽ സംഗമത്തിൽ പങ്കെടുക്കാനായില്ല.
ആശംസകൾ.....
വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം.പിതാവിന്റെ വേർപാടിൽ സംഗമത്തിൽ പങ്കെടുക്കാനായില്ല.
ആശംസകൾ.....
തുടക്കക്കാരോട് കമന്റ് ബോക്സിലെ വേഡ് വെരിഫിക്കേഷന്റെ കാര്യത്തെപ്പറ്റി പറയാമായിരുന്നു.
അതു നല്ല നിർദേശമാണ്.
ഉൾപ്പെടുത്താം കുട്ടിക്കാ1
നല്ല നിര്‍ദേശങ്ങള്‍.
മുഖ്യധാരാസാഹിത്യത്തിന് ബ്ലോഗ് ഒരു ബദല്‍ ആകണമെന്നുണ്ടെങ്കില്‍ (അത് ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ വളരെ ബുദ്ധിമുട്ടാണെന്നാണെന്റെ നിഗമനം) ബ്ലോഗര്‍മാര്‍ നേരമ്പോക്കിന് ബ്ലോഗെഴുതുന്ന പ്രവണത നിര്‍ത്തിയേ തീരൂ എന്ന ഫണ്ടമെന്റലായൊരു നിര്‍ദേശമേ എനിക്ക് പറയാനുള്ളു.
90 ശതമാനം ബ്ലോഗെഴുത്തും പഴയ ഡയറിയെഴുത്തിന്റെ ഇ-രൂപമാണ്. ഇവിടെ അത് വായിക്കാന്‍ (വായനയെന്നാല്‍ ജസ്റ്റ് എ പാസിംഗ് ടൈം ഹോബി എന്ന് നിനച്ചിരിക്കുന്ന) കുറെ വായനക്കാരെ കിട്ടുമെന്ന വ്യത്യാസമേയുള്ളു. ആ വ്യത്യാസം വീണ്ടും വീണ്ടും അത്തരം കുറിപ്പുകളെഴുതാന്‍ ആവേശം നല്കുന്നു എന്നത് പോസിറ്റീവായ ഒരു ഘടകമെന്നതിലുപരി നെഗറ്റീവ് ഫാക്ടര്‍ എന്ന നിലയിലാണ് ഞാന്‍ കാണുന്നത്. ആ കൈയ്യടികളും വിസിലടികളും തല്പ്രേരിതമായ, അതേ നിലവാരം സൂക്ഷിക്കുന്ന എഴുത്തും സാഹിത്യത്തിനും നമുക്കും ഒരു ഗുണവും ചെയ്യില്ല. ബ്ലോഗ് ശക്തമായ ഒരു ബദലാകണമെന്നാണ് ആഗ്രഹമെങ്കില്‍ ഞാനെഴുതുന്നത് എനിക്കും, വായനക്കാര്‍ക്കും, സാഹിത്യത്തിനും, മനുഷ്യരാശിക്കും സര്‍വോപരി ലോകത്തിനും പ്രയോജനകരമായിരിക്കണം എന്ന ചിന്തയോടെ ബ്ലോഗ് എഴുതണം. വെറുതെ എഴുതിയാല്‍പ്പോര, കഴിഞ്ഞ തവണ എഴുതിയതിനേക്കാള്‍ മികച്ചതായിരിക്കണം ഇനിയെഴുതുന്ന ബ്ലോഗ് എന്ന ആഗ്രഹം വേണം, പരിശ്രമം വേണം. മുഖ്യധാരാ സാഹിത്യത്തിനേക്കാള്‍ കാമ്പുള്ള എഴുത്ത് എന്റെ ബ്ലോഗില്‍ ഉരുവാകണം എന്ന ചിന്തയാണ് പ്രധാനം. നര്മബ്ലോഗുകളോ അല്ലെങ്കില്‍ അത്തരം മറ്റ് ബ്ലോഗുകളോ വേണ്ട എന്നര്‍ഥമില്ല ഇപ്പറയുന്നതിന്. നേരമ്പോക്കിന് എഴുതുന്നതില്‍ പോലും വായനക്കാരോട് കാര്യമായി പറയുവാന്‍ എന്തെങ്കിലുമൊക്കെ വേണം.
അതുകൊണ്ട്, ബ്ലോഗര്‍മാര്‍ ബ്ലോഗിനെ കൂടുതല്‍ ഗൌരവത്തോടെ സമീപിക്കുക. തനിക്കും സമൂഹത്തിനും ജൈവരാശിക്കും വേണ്ടിയുള്ള ആയുധമാക്കുക എഴുത്ത്. (അല്ലാതെ തമ്മില്‍ത്തല്ലാനുള്ള ആയുധമായല്ല അത് ഉപയോഗിക്കേണ്ടത്, എഡിറ്റര്‍ എന്ന മദ്ധ്യസ്ഥന്‍ ഇല്ലാത്തതിന്റെ ചില പ്രശ്നങ്ങളാണ് ഈ തമ്മില്‍ത്തല്ലുകളും പരദൂഷണവും. അതുകൊണ്ട് ഒരു എഴുത്തുകാരന് എന്നതിനൊപ്പം കര്‍ശനക്കാരനായ ഒരു എഡിറ്ററുമാകാന്‍ നാം ശ്രദ്ധിക്കുക.) എഴുതുവാനുള്ള കഴിവിനെ, അറിവിനെ, ചിന്താശേഷിയെ പരിധികള്‍ക്കപ്പുറം സര്‍ഗാത്മകമായി വിനിയോഗിക്കുക.
(ഇതാണ് ബ്ലോഗെഴുത്തിനെ ലോകത്തിന്റെ മുന്‍പിലേയ്ക്ക് ഉയര്‍ത്തിപ്പിടിക്കുവാന്‍ വേണ്ട ഏറ്റവും അടിസ്ഥാനപരമായ നടപടിയെന്ന് ഞാന്‍ വിചാരിക്കുന്നു.)
നല്ല നിര്‍ദ്ദേശങ്ങള്‍ .. മുന്നോട്ടു പോകട്ടെ..
കേട്ട് അറിഞ്ഞതിലും കൂടുതല്‍ വായിച്ചറിഞ്ഞു ....
നന്ദി ജയന് !
അടുത്ത മീറ്റ് ഉടന്‍ വേണം !!
ആശംസകളോടെ
അസ്രുസ്
ഒത്തൊരുമിച്ചു പ്രാവര്ത്തികമാക്കം ......ആശംസകള്‍..
നിര്‍ദ്ദേശങ്ങള്‍ വളരെ പ്രസക്തം...വരാന്‍ ദൂരവും സമയവും സമ്മതിച്ചില്ലെങ്കിലും ഇത് കണ്ടതോടെ പങ്കെടുത്ത പ്രതീതിയായി...
സന്തോഷം, നന്ദിയും ആശംസകളും അറിയിക്കുന്നു.
സ്നേഹപൂര്‍വ്വം,
അനില്‍ നമ്പൂതിരിപ്പാട്
ഈ മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ , സന്തോഷം തന്നെ ...
ആശംസകള്‍ .......!
ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ
ഈ മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.
ആശംസകള്‍ .......!
കൃഷ്ണപ്രസാദിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ദേയം തന്നെ. അവ പരിഗണിക്കപ്പെടേണ്ടതാണ്
ഇവിടെ ഏറ്റവും പ്രധാനം 25 വയസ്സില്‍ താഴെയുള്ള കുട്ടികളിലേക്ക് മലയാള ഭാഷയെ എത്തിക്കുക എന്ന ശ്രമകരമായ ദൌത്യമാണ്. അവരില്‍ എഴുത്തില്‍ താല്പര്യമുള്ളവര്ക്കായി ബ്ലോഗ് പഠനശിബിരങ്ങള് നടത്തുക എന്ന ആശയം മികച്ചത് തന്നെ. അതിനായി സന്നദ്ധരാവുന്ന ഒരു കൂട്ടം ബ്ലോഗര്‍മാര്‍ മാത്രം അത്തരം കാര്യങ്ങള്‍ക്കായി മെനക്കെടുത്താവുന്ന സമയമെത്രയെന്നും എന്തൊക്കെ ചെയ്യുവാന്‍ കഴിയും എന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പോലും നിങ്ങളില്‍ പലരുടെയും സഹകരണമുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ക്ക് എന്നെക്കൊണ്ട് കഴിയും വിധം സഹകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്. അതുപോലെ ബ്ലോഗില്‍ ഇന്ന് ഏറെ അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ് ഗ്രൂപ്പുകള്‍. ഗ്രൂപ്പുകള്‍ നല്ലതിനാവട്ടെ.. ഗ്രൂപ്പുകള്‍ക്ക് പുറത്ത് അഭിപ്രായ പ്രകടനങ്ങള്‍ നല്ല രീതിയില്‍ ഉണ്ടാകുമ്പോഴേ എഴുത്തുകാര്‍ക്ക് പ്രയോജനമുള്ളു.. ആശംസകളും സ്മൈലികളും ആയി കമന്റുകള്‍ തരം താഴരുത്. നമ്മള് വായിക്കുമ്പോള്‍ എഴുത്തുകാരനെ സംബന്ധിച്ച് മറ്റൊരു എഴുത്തുകാരന്റെ വായനയാണ് ലഭിക്കുന്നത്. അതിലൂടെ അവന് ആഗ്രഹിക്കുന്നത് മികച്ച ഒരു അവലോകനവും. അത് നല്കുവാന് വായിക്കുന്നവര്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. അതല്ലാതെ സൌഹൃദം വായനയിലോ അഭിപ്രായപ്രകടനത്തിലോ ഒരു ഘടകമാകരുത് എന്ന് ഒരു നിര്‍ദേശമുണ്ട്. ഒപ്പം ബ്ലോഗ് പോസ്റ്റുകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അറ്റ് ലീസ്റ്റ് ഒരു വട്ടമെങ്കിലും ബ്ലോഗില്‍ രേഖപ്പെടുത്തണം. പലപ്പോഴും ബ്ലോഗിന്റെ വായനക്കൊടുവില്‍ ഗഹനമായ ചര്‍ച്ചകള്‍ ഫെയ്സ്ബുക്കില്‍ നടക്കുന്നത് കാണാം. അത് പിന്നീട് റെഫര്‍ ചെയ്യുക ബുദ്ധിമുട്ടാണെന്നതിനാല്‍ എഴുത്തുകാരനോ തുടര്വായനക്കാര്ക്കോ (ബ്ലോഗിന്റെ) ഗുണം ചെയ്യുന്നില്ല. അതുകൊണ്ട് പോസ്റ്റിന്റെ ചര്‍ച്ചകള്‍ പോസ്റ്റിനടിയിലെ കമന്റ് ബോക്സില്‍ നടത്തുന്നതാവും ഉചിതമെന്നൊരു നിര്‍ദേശം കൂടെ വെയ്ക്കുന്നു.
ഇതൊക്കെ അന്ന് തുഞ്ചന്‍ മീറ്റില്‍ പറയണമെന്ന് കരുതിയതാണ്. പക്ഷെ ചര്‍ച്ച അല്പസമയങ്ങള്ക്ക് ശേഷം കവിതയിലേക്കും സ്വന്തം കലാപരിപാടികളിലേക്കും കടന്നപ്പോള്‍ പിന്നെ പറയുന്നതിന് സമയമൂണ്ടായില്ല. നമ്മുടെ സര്‍ഗ്ഗവാസനകള്‍ കാട്ടുവാനുള്ള വേദിയായി ഇത്തരം പരിമിതസമയമുള്ള ചര്‍ച്ചാവേളകള്‍ ഉപയോഗിക്കരുതെന്നും ഒരു നിര്‍ദേശമായി വയ്ക്കട്ടെ.
വായന അടയാളപ്പെടുത്തുന്നു
ഈ അഭിപ്രായങ്ങളും ,നിർദ്ദേശങ്ങളുമൊക്കെ
പരിഗണിച്ച് തന്നെ ഓരൊ തവണയും സൈബർ
സംഗമങ്ങൾ നടത്തുമ്പൊൾ അവയൊക്കെ പ്രാബല്ല്യത്തിൽ വരത്തി പരീക്ഷിച്ച് നോക്കാവുന്നതാണ്....
ഒപ്പം തന്നെ മീറ്റുകൾ നടത്തി
പരിചയസമ്പന്നരായവർ തമ്മിൽ തമ്മിൽ
ഒരു കൂട്ടായ്മയും (ഇ-മെയിൽ ഗ്രൂപ്പ്..മുതലായ)
സ്ഥിരമായുണ്ടാകുകയാണെങ്കിൽ ഇനി മുതൽ വരുന്ന
സകല സംഗമങ്ങളുടേയും മാറ്റ് കൂട്ടാവുന്നതാണ്...
"മുഖ്യധാരാ സാഹിത്യത്തിനേക്കാള്‍ കാമ്പുള്ള എഴുത്ത് എന്റെ ബ്ലോഗില്‍ ഉരുവാകണം എന്ന ചിന്തയാണ് പ്രധാനം."
അനുകൂലിക്കുന്നു, ബിനൂ.
"പലപ്പോഴും ബ്ലോഗിന്റെ വായനക്കൊടുവില്‍ ഗഹനമായ ചര്‍ച്ചകള്‍ ഫെയ്സ്ബുക്കില്‍ നടക്കുന്നത് കാണാം. അത് പിന്നീട് റെഫര്‍ ചെയ്യുക ബുദ്ധിമുട്ടാണെന്നതിനാല്‍ എഴുത്തുകാരനോ തുടര്വായനക്കാര്ക്കോ (ബ്ലോഗിന്റെ) ഗുണം ചെയ്യുന്നില്ല. അതുകൊണ്ട് പോസ്റ്റിന്റെ ചര്‍ച്ചകള്‍ പോസ്റ്റിനടിയിലെ കമന്റ് ബോക്സില്‍ നടത്തുന്നതാവും ഉചിതമെന്നൊരു നിര്‍ദേശം കൂടെ വെയ്ക്കുന്നു. "
വളരെ ശരി, മനോരാജ്.
ഒന്നൊ രണ്ടോ മാസം, എന്തിന് ഒരാഴ്ച കഴിഞ്ഞാൽ പോലും ഫെയ്സ്ബുക്കിലെ അപ്ഡേറ്റുകളുടെ തിരക്കിൽ ചർച്ചകൾ മുങ്ങിപ്പോകും.
അതുകൊണ്ട് മലയാള സാഹിത്യരംഗത്തേക്കു വരാൻ ആഗ്രഹിക്കുന്നവർ എഴുത്തിനും, ചർച്ചയ്ക്കുമായി ബ്ലോഗ് പ്രയോജനപ്പെടുത്തുക.
ഫെയ്സ്ബുക്കും മറ്റും സോഷ്യൽ നെറ്റ് വർക്കിംഗിനു മാത്രമായി ഉപയോഗിക്കുകയാണു നല്ലതെന്നു തോന്നുന്നു.
അതെ! എഴുത്തും വായനയും കൂടട്ടെ; ഡിസ്ട്രാക്ഷൻസ് (ശ്രദ്ധ ചിതറൽ)കുറയട്ടെ!
ശ്രമിക്കാം, ചേച്ചീ!
ഞാന്‍ ഒരു അഭിപ്രായവും പറയുകയില്ല. എന്തെന്നാല്‍ പറയാന്‍ തുടങ്ങിയാല്‍ ആദ്യം തന്നെ ബ്ലോഗര്‍മാര്‍ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ ഒരു സംഘടന വേണം എന്ന് പറഞ്ഞുപോകും. ഈ അഭിപ്രായം ഒരു ബ്ലോഗര്‍ക്കും താങ്ങാനോ സഹിക്കാനോ പറ്റില്ല. കുറെ പ്രാവശ്യം ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ ഞാന്‍ കുറെ തെറി കേട്ടതാണു. ഇനി തെറി കേള്‍ക്കാന്‍ തയ്യാറല്ല. ഫേസ്ബുക്കിലാണെങ്കില്‍ തെറി പറയുന്നവനെ കൈയ്യോടെ ബ്ലോക്ക് ചെയ്യാം. ഇവിടെ അത് പറ്റില്ല. അത്കൊണ്ട് ഇപ്പോള്‍ ചെയ്യുന്നത് പോലെ തുടരുക. അതായത്, ബ്ലോഗ് മീറ്റുകള്‍ നടത്തുക. ആ മീറ്റില്‍ ബ്ലോഗിന്റെ ഉന്നമനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുക. പിന്നെയും ആരെങ്കിലും മുന്‍കൈ എടുത്ത് എവിടെയെങ്കിലും മീറ്റ് നടത്തുക. അവിടെ വെച്ചും ചര്‍ച്ച ചെയ്യുക. എവിടെ ആര് എപ്പോള്‍ മീറ്റ് സംഘടിപ്പിച്ചാലും നൂറു പേരില്‍ കുറയാതെ പങ്കെടുക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും.
മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനും, ആരോഗ്യകരമായ വായനാസംസ്കാരം വളർത്തിയെടുക്കുന്നതിനും വേണ്ടിയുള്ള ധനാത്മകമായ ശ്രമങ്ങൾക്ക് സകലഭാവുകങ്ങളും. പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന, ഭാഷാപാഠങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ബ്ലോഗുകളെ നമ്മൽ കൂടുതലായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
നല്ല നിർദ്ദേശങ്ങൾ ഡോക്ടർ..ഇവയിൽ ചിലതെങ്കിലും അടുത്ത മീറ്റിനു മുമ്പായി നല്ല പുരോഗതി കൈവരിക്കട്ടെ.
ഇത് ആലോചിക്കാവുന്നതാണ്.
എല്ലാവരും ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ...!?
പ്രിയ കെ.പി.എസ്...
അങ്ങനെ താങ്ങാനും സഹിക്കാനും പറ്റില്ല എന്ന് ഏത് ബ്ലോഗറാണ് പറഞ്ഞത്!?
ഒരു സംഘടന ഉണ്ടാക്കാൻ ഒരു പ്രയാസവുമില്ല!
അതു വൃത്തിയായി കൊണ്ടുനടക്കാനാണ് പാട്!
അതിനു കഴിയുന്ന ആരു വേണമെങ്കിലും വരട്ടെ. സംഘടന ഉണ്ടാക്കട്ടെ. കൊണ്ടു നടക്കട്ടെ. കെ.പി.എസ്സിനു വേണമെങ്കിലും മുൻ കൈ എടുക്കാമല്ലോ!
ഒരു ബ്ലോഗേഴ്സ് സംഘടനയുണ്ടാക്കിയാലോ....
Post a Comment