Saturday, May 11, 2013

ബ്ലോഗെഴുത്ത് പരിശീലനക്കളരികൾ

ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ബ്ലോഗർസംഗമത്തിൽ മലയാളം ബ്ലോഗെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും സഹാകമാകുന്ന പല നിർദേശങ്ങളും ഉയർന്നു വരികയുണ്ടായി.

ഇവയിൽ ഏറ്റവും പ്രധാനമായത് 20 വയസിൽ താഴെയുള്ള തലമുറയെ മലയാളം എഴുതാൻ പ്രോത്സാഹിപ്പിക്കുക, അവരെ ബ്ലോഗിലേക്കാകർഷിക്കുക എന്നതാണ്. ഭാഷാപ്രേമികളായ ബ്ലോഗർമാരുടെ ഒരു കൂട്ടത്തിനു മാത്രമേ ആ നിർദേശം ഏറ്റെടുക്കാൻ കഴിയൂ.

നമുക്കെല്ലാവർക്കും അറിയുന്നതുപോലെ, വിവിധ തൊഴിൽ മേഖലകളിൽ നിന്നുതിരിയാൻ സമയമില്ലാതെ പണിയെടുക്കുന്നവരാണ് മലയാളം ബ്ലോഗെഴുത്തുകാരിൽ മിക്കവരും. എങ്കിലും ഈ മാധ്യമത്തോടുള്ള പ്രതിബദ്ധത, അവരിൽ കുറച്ചുപേരെയെങ്കിലും സാമ്പത്തികനേട്ടമില്ലാത്ത ഈ സംരംഭത്തിനു ചുക്കാൻ പിടിക്കാൻ പ്രേരിപ്പിക്കും എന്ന് ആശിക്കുകയാണ്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഏതെങ്കിലും ഒരു കോളേജ് വീതം തിരഞ്ഞെടുത്ത് അവിടെ ബ്ലോഗെഴുത്ത് പരിശീലനക്കളരി / ബ്ലോഗ് ശില്പശാല സംഘടിപ്പിക്കുകയാണ് നമ്മുടെ ഉദ്ദേശം. അതാത് കോളേജിലെ മലയാളം വിഭാഗവുമായി സഹകരിച്ചുകൊണ്ട് ഈ പരിപാടി നടത്താം എന്നാണ് ഉദ്ദേശിക്കുന്നത്.

അതിനായി ഓരോ ജില്ലയിലും നാലഞ്ചു പേരു വീതമെങ്കിലും മുന്നോട്ടു വന്നാൽ നമുക്ക് ശില്പശാലകൾ ആരംഭിക്കാം. അടുത്ത അധ്യയന വർഷം ജൂണിൽ തുടങ്ങുമല്ലോ. അധികം വൈകി പരീക്ഷക്കാലത്ത്  ശില്പശാല നടത്തുന്നതിനേക്കാൾ നല്ലത് വർഷാരംഭത്തിൽ ചെയ്യുന്നതാണ് എന്നതുകൊണ്ട് നമുക്ക് ജൂൺ മാസം തന്നെ ഈ പദ്ധതി ആരംഭിക്കേണ്ടതുണ്ട്.

അതുകൊണ്ട് ഇതിൽ സഹകരിക്കാൻ താല്പര്യമുള്ള പ്രിയ ബ്ലോഗർ സുഹൃത്തുക്കൾ തങ്ങളുടെ പേരും, ജില്ലയും ഇവിടെ കമന്റായി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏത് ദിവസം, ഏതു കോളേജിൽ വച്ച് പരിപാടി നടത്തണം എന്നത് നമുക്ക് നിങ്ങളുടെ സൌകര്യം കൂടി പരിഗണിച്ച ശേഷം തീരുമാനിക്കാം.

ഓരോ ജില്ലയിലും പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കാൻ തയ്യാറുള്ളവരുടെ ഒരു സംഘം ഉണ്ടായാൽ പിന്നീട് നമുക്ക് അനുയോജ്യമായ ഒരു കോളേജ് തിരഞ്ഞെടുക്കാം. കോളേജ് തിരഞ്ഞെടുത്താൽ സംഘാംഗങ്ങൾ അവിടുത്തെ പ്രിൻസിപ്പലുമായും, മലയാളഭാഷാവിഭാഗം മേധാവിയുമായും സംസാരിക്കണം. എഴുത്തിൽ താല്പര്യമുള്ള മുഴുവൻ അധ്യാപകരേയും, വിദ്യാർത്ഥികളേയും ശില്പശാലയിൽ പങ്കെടുപ്പിക്കാം.

അവർക്ക് ബ്ലോഗെഴുത്തിനെപ്പറ്റി എൽ.സി.ഡി. വച്ച് നമുക്ക് ക്ലാസെടുക്കാം. അതിന് കഴിഞ്ഞവർഷം തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നടന്ന ശില്പശാലയുടെ മോഡലിൽ ഒരു സിലബസും തയ്യാറാക്കാം. മൊത്തം രണ്ട്  മണിക്കൂറിൽ തീരുന്ന കാര്യങ്ങളേ വേണ്ടൂ. ഇവ സംഘാംഗങ്ങൾ ചർച്ച ചെയ്ത് ബലപ്പെടുത്തി അതാതു കോളേജുകളിൽ അവതരിപ്പിക്കണം.

എൽ.സി.ഡി പ്രൊജക്ടർ, സമ്മേളനസ്ഥലം എന്നിവ മലയാളവിഭാഗം ഒരുക്കണം.

ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ കോളേജ് യൂണിയന്റെ പരിപാടിയായി ഈ ഉദ്യമത്തെ മാറ്റരുത്. എന്നാൽ ഭരണ-പ്രതിപക്ഷഭേദമില്ലാതെ എല്ലാ വിദ്യാർത്ഥിസംഘടനകളേയും ഇതിലേക്ക് ക്ഷണിക്കാൻ സംഘാടകർ ശ്രദ്ധിക്കണം.

മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും നമ്മെ പിൻ തുണയ്ക്കും.

ഈ ശില്പശാലയുടെ പ്രചാരണത്തിനായി  “മലയാളത്തിൽ എഴുതൂ, വായിക്കൂ, ചിന്തിക്കൂ!” എന്ന മുഖവാചകം ഉപയോഗിക്കാം. ഇത് ആലേഖനം ചെയ്ത ഒരു മുദ്ര (ലോഗോ) ആരെങ്കിലും രൂപകല്പന ചെയ്താൽ നന്നായിരുന്നു. അതിന് സുഹൃത്തുക്കളിൽ ആരെങ്കിലും മുന്നോട്ടു വരും എന്നു പ്രതീക്ഷിക്കുന്നു.  നാട്ടിലെ ബ്ലോഗ് പ്രചരണത്തിന് നേരിട്ടു വരാൻ കഴിയില്ലെങ്കിലും ഇത്തരം കാര്യങ്ങളിലും, അഭിപ്രായരൂപീകരണത്തിലും, മറ്റുസഹായങ്ങളിലും പ്രവാസി ബ്ലോഗർമാരുടെ സഹായസഹകരണങ്ങൾ ഉണ്ടാവണമെന്നു കൂടി അഭ്യർത്ഥിക്കുന്നു. തിരൂർ മീറ്റ് സംഘടിപ്പിക്കാൻ നമ്മൾ നടത്തിയ ചർച്ച ഓർക്കുമല്ലോ.

എറണാകുളം, കൊല്ലം ജില്ലകളിൽ നടത്തുന്ന ശില്പശാലകളുടെ ആസൂത്രണത്തിലും നടത്തിപ്പുകളിലും ഞാൻ പങ്കെടുക്കും എന്നു വാഗ്ദാനം ചെയ്യുന്നു. ഇവിടെയും മറ്റു ജില്ലകളിലും ഇപ്രകാരം പ്രവർത്തിക്കാൻ തയ്യാറുള്ള സുഹൃത്തുക്കളെ ക്ഷണിച്ചുകൊള്ളുന്നു.


ജയൻ ഏവൂ‍ർ


35 comments:

ചന്തു നായർ said...

ജയന്‍ തിരുവനന്തപുരം ജില്ലയിലെ ചന്തു നായര്‍ ഹാജര്‍ കൂട്ടിനായി കുറച്ചുപേരെ കിട്ടിയാല്‍ ...ഞാന്‍ തയ്യാര്‍.....

കൊമ്പന്‍ said...

നാട്ടില്‍ ഉള്ളവര്‍ മുന്നോട്ടു വരട്ടെ എല്ലാ ആശംസകളും

Noushad Vadakkel said...

ഞാൻ തൊടുപുഴ ഭാഗത്ത് ശ്രമിക്കാം .. ഹരീഷ് , ദേവൻ , ലുട്ടു എന്നിവര് ..തൊടുപുഴക്കാരാന് :)

jayanEvoor said...

നന്ദി സുഹൃത്തുക്കളേ!
എല്ലാ ജില്ലകളിൽ നിന്നും ആളുകൾ വേണം.
നമുക്കു ശ്രമിക്കാം.

Cartoonist said...
This comment has been removed by the author.
Cartoonist said...

എഴുത്തിന്റെ രഹസ്യസ്വഭാവം കാക്കാനുള്ള / ഭാഷ എഴുതിയെഴുതി തെളിയിച്ചെടുക്കാനുള്ള / നമ്മളെത്തന്നെ അതിജീവിക്കാനുള്ള, ഇന്ന് ബ്ലോഗിന്റെ മാത്രമായ സവിശേഷസാദ്ധ്യതകൾ, ഏതൊരു ഭാഷയും ശക്തിയാണെന്നുള്ള തിരിച്ചറിവ്, വൈകല്യമില്ലാതെ ഭാഷ പറയാനും എഴുതാനുമുള്ള കഴിവ് സമൂഹം ബഹുമാനിക്കുന്ന മേന്മയാണെന്നുള്ള സത്യം - ഈ തിരിച്ചറിവുകൾ എത്ര സമർഥമായി കൗമാരക്കാരിലെത്തിക്കാം എന്ന് വിശദമായ ഒരു പഠനം കൂടി ഇതിന്റെ പുറകിൽ ഉണ്ടായിരിക്കണം എന്ന് എനിക്കു തോന്നുന്നു.

ഇതോടൊപ്പം തന്നെ, വെള്ളത്തൊലിയോടുള്ള രോഗാതുരമായി പടരുന്ന അധമബോധം, അതുവഴി 'നമ്മുടെ' വികാരങ്ങൾ കൂടുതൽ ആവാഹിക്കാനാവുന്ന ഏക ഭാഷ എന്ന് മോഹിച്ച് ഇംഗ്ലീഷിന് കല്പിക്കുന്ന സവർണ്ണത, ഓരോ ഭാഷയിലെ ഓരോ അക്ഷരത്തിന്റെയും വാസ്തുശില്പത്തിനും അതിന്റെ ഉച്ചാരണത്തിന്റെയും പുറകിൽ കാലങ്ങളോളം അലഞ്ഞ മനസ്സുകളുടെ സർഗ്ഗാത്മകത, മാതൃഭാഷയിലെ ഉച്ചാരണങ്ങളെ ബോധപൂർവം വികലമാക്കുമ്പോൾ, ഈ വാസ്തുശില്പികളുടെ / ശബ്ദജ്നാനികളുടെ ഭാഷാധ്യാനങ്ങളെത്തന്നെ ബുദ്ധിശൂന്യമായി അപഹസിക്കുകയാണെന്ന മുന്നറിയിപ്പ് ഇതെല്ലാം കൂടി കരിക്കുലം തയ്യാറാക്കുമ്പോൾ തികഞ്ഞ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്.

"എന്റെ ഭാഷ, എന്റെ ബ്ലോഗ്" എന്നോ "ഞാൻ, എന്റെ ബ്ലോഗ്, എന്റെ ഭാഷ " എന്നോ കൂടി കുട്ടികൾ ഏറ്റുപാടട്ടെ... :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതെങ്കിലും തരത്തിൽ
ഒരു പ്രവാസി മലയാള സ്നേഹി
എന്ന നിലയിൽ എന്റെ സഹായവും
ഈ സംരംഭത്തിനുണ്ടാകും കേട്ടൊ

കാളിയൻ - kaaliyan said...

naattilullidatholam kaalath malappuram jillakkaarkkidayil njanum undaavum.

-Kaaliyan-

ഷാജു അത്താണിക്കല്‍ said...

നല്ല ടീം വർക്ക്
അത് വേണം...................

ajith said...

സദുദ്യമം വിജയിക്കാന്‍ ആശംസകള്‍

kpofcochin said...

കൊച്ചി പഴയ കൊച്ചി അല്ല എന്നാലും നമുക്കൊന്ന് നോക്കാം

പൈമ said...

കോതമംഗലത് ഞാൻ ഒന്ന് ശ്രമിക്കാം

Philip Verghese 'Ariel' said...
This comment has been removed by the author.
Philip Verghese 'Ariel' said...

തിരൂർ മീറ്റിൽ ഉടലെടുത്ത ഈ ആശയം ഇതാ പ്രാവർത്തികമാകാൻ പോകുന്നു!
നല്ല സംരംഭം. എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു,
ഇത് മൂലം വളർന്നു വരുന്ന യുവതലമുറയെ മലയാളത്തിന്റെ ആവശ്യകത എന്തെന്നും, അതിനെ പരിഭോഷിപ്പിക്കണ്ടതിന്റെ ആവശ്യം എന്തെന്നും മനസ്സിലാക്കാൻ സഹായിച്ചാൽ നമ്മുടെ മലയാളം
മരിക്കാതെയിരിക്കും. ഇതിനകം പലരും പ്രതിഫലേച്ഛ കൂടാതെ മുന്നോട്ടു വന്നിരിക്കുന്നതും ഒരു ശുഭ സൂചകമായി വേണം കാണാൻ. ഇതിനു മുൻകൈ എടുക്കുന്ന ജയനും കൊട്ടോട്ടിക്കും സഹ പ്രവർത്തകർക്കും വീണ്ടും ഞങ്ങളുടെ അഭിനന്ദനങ്ങൾ. ആശംസകൾ. ഇത്തരം പരിശീലനക്കളരികൾ
നാടിന്റെ ഓരോ കോണിലും ഉയരട്ടെ എന്നാശംസിക്കുന്നു. അങ്ങനെ നമ്മുടെ മലയാളം നീണാൾ വാഴട്ടെ!!!

പട്ടേപ്പാടം റാംജി said...

നന്നായി വിജയിക്കും.
ആശംസകള്‍

ജോഷി രവി said...

Ernakulam, aleppey njanumundakum jayetta.,

majeed alloor said...

തുഞ്ചന്‍ പറമ്പിലെ രണ്ടാം മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല, അത് വല്ലാത്ത നഷ്ടമായി, ഈ സദുദ്യമത്തോട് സഹകരിച്ചുകൊണ്ട് ആ നഷ്ടം നികത്താം , ഞാന്‍ മലപ്രത്തുകാരനാ..!

jayanEvoor said...

വളരെ സന്തോഷം ചന്തുവേട്ടാ!
സജിം തട്ടത്തുമലയേയും ഞാൻ അവിടെ പ്രതീക്ഷിക്കുന്നു.
പിന്നെ ചില മുതിർന്ന ബ്ലോഗർമാരും ഉണ്ട്.
ഡോ.മനോജ് കുമാർ ഉണ്ട്.
എല്ല്ലാവരെയും ഒന്നു ബന്ധപ്പെടണം.

jayanEvoor said...

അതെ നാട്ടിലുള്ളവർ വരട്ടെ!
ഒപ്പം കൊമ്പൻ ഒരു നാൾ നാട്ടിൽ വരട്ടെ; ഒരു ശില്പശാലയിൽ പങ്കെടുക്കട്ടെ!
(ലീവിനു വരുമ്പോൾ മതി!)

jayanEvoor said...

അപ്പോ, തൊടുപുഴയായി ; ഇടുക്കി ജില്ലയ്ക്ക് പ്രതിനിധിയായി!
പറ്റിയാൽ ഞാനും അവിടെയെത്താം.

jayanEvoor said...

ഇതാണ് ഒരു ‘ഘടാഘടിയൻ’ കമന്റ് എന്താണെന്നതിന്റെ മകുടോദാഹരണം!
അയാം ഇൻസ്പയേഡ് ‘ക്വിന്റലാൻ’!!

jayanEvoor said...

ബിലാത്തിച്ചേട്ടാ,
നാട്ടിൽ വരുന്ന ദിനം അറിയിക്കുക.
നമുക്ക് കൂടാം (ശില്പശാലയിൽ!)

jayanEvoor said...

അപ്പോ,
മലപ്പുറത്ത് ഒരു വൻ നിര തന്നെ ഉണ്ടാവും.
അവരെ പാലക്കാട്, വയനാട്,കോഴിക്കോട് ജില്ലകളിലും പ്രയോജനപ്പെടുത്താം.
അല്ലേ?

jayanEvoor said...

അതെ.
അത് ഉണ്ടാവും, അല്ലേ?

jayanEvoor said...

നന്ദി അജിത്തേട്ടാ.
നാട്ടിൽ വരുന്ന സമയം അറിയിക്കുമല്ലോ.

jayanEvoor said...

കൊച്ചി പഴയ കൊച്ചിയല്ല; പക്ഷേ നമ്മൾ പഴയ നമ്മൾ തന്നെയാ!

jayanEvoor said...

ഉം.
എറണാകുളം മൊത്തത്തിൽ പരിഗണിച്ചു ചെയ്യാം.

jayanEvoor said...

സന്തോഷം.
സമയം പോലെ ഇതുമായി സഹകരിക്കുമല്ലോ...

jayanEvoor said...

നന്ദി , റാംജി!

jayanEvoor said...

സന്തോഷം!
അപ്പോ, നമ്മൾ വീണ്ടും കാണുന്നു.

jayanEvoor said...

അപ്പോ, മലപ്പുറത്തും സമീപ ജില്ലകളിലും സേവനം പ്രതീക്ഷിക്കാമല്ലോ, അല്ലേ?

ചെമ്മരന്‍ said...

ജയേട്ടാ...കണ്ണൂര്‍ക്ക് ബാ..ഇഷ്ടം പോലെ കോളേജുകളുണ്ട്..ഏതാന്ന് വെച്ചാ എട്ത്തോ..നുമ്മ ഉണ്ടാകും..

Kalavallabhan said...

നല്ല കാര്യം.
നാട്ടിൽ വരുമ്പോളെപ്പോഴെങ്കിലും ശിൽപശാലയുണ്ടെങ്കിൽ അവിടെ എത്തിപ്പെടാൻ നോക്കാം.
അതിനാൽ എല്ലാം ശരിയായാൽ ഒരു കലണ്ടർ സെറ്റ്‌ ചെയ്ത്‌ പോസ്റ്റണം.
ആശംസകൾ

കുരുവി said...

ശിൽപ്പശാലകൾ സംഘടിപ്പിക്കാൻ മുന്നോട്ടുവരുന്ന ബ്ലോഗർ സുഹൃത്തുക്കൾക്ക് തങ്ങൾ ചെയ്യാൻ പോകുന്ന കാര്യങ്ങളേയും സംഘാടനരീതികളേയും ഒരു പൊതുവായ അറിവ് ഉണ്ടകേണ്ടതുണ്ട്. ഓരോ സ്ഥലങ്ങളിലുള്ളവരും താന്താങ്ങൾക്കു തോന്നുന്ന വിധത്തിൽ കാര്യങ്ങൾ സംഘടിപ്പിക്കുന്നതിനു പകരം ഒന്നിച്ചിരുന്ന് എല്ലാ സ്ഥലങ്ങലിലും എങ്ങനെയൊക്കെ കാര്യങ്ങൾ നടത്തണമെന്നു തീരുമാനിച്ച് ആ വിധത്തിൽ എല്ലായിടത്തും ഒരു പോലെ സംഘടിപ്പിക്കുന്നതാവും നല്ലത്. തൃപ്പൂണിത്തുറ ആയുർവ്വേദ കോളേജിൽ നടന്ന ശില്പശാലയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ആ സിലബസ് എങ്ങനെയെന്ന് അറിയില്ല.

ചുരുക്കത്തിൽ പറഞ്ഞാൽ ഇതുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം സൗകര്യപ്രദമായ സമയത്ത് എവിടെയെങ്കിലും ഒരുമിച്ചു കൂടുകയോ ഒരു ഗ്രൂപ്പ് ചർച്ച നടത്തി കാര്യങ്ങൾക്ക് വ്യക്തമായ രൂപം ഉണ്ടാക്കുകയോ വേണം. വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അതു പ്രാവർത്തികമാക്കിത്തുടങ്ങാം. പ്രാതിനിധ്യമില്ലാത്ത ജില്ലകളിൽ പിന്നീട് ബ്ലോഗർമാർ വന്നുകൊള്ളും. അതിനനുസരിച്ച് വ്യാപിപ്പിക്കാവുന്നതേ ഉള്ളൂ. എല്ലാ ജില്ലകളിലും അളുണ്ടാവാൻ കാത്തിരിക്കേണ്ട ആവശ്യമില്ല.

ഈ ബ്ലോഗ് പൊതു ചർച്ചകൾക്ക് ഉപയോഗിക്കാം. ഇവിടെ ഉരുത്തിരിയുന്ന കാര്യങ്ങൾ ഗ്രൂപ്പുമെയിലിൽ ചർച്ചിച്ച് ഒരു തീരുമാനത്തിലെത്താം. തീരുമനത്തിനായുള്ള ചർച്ച ഇവിടെയായാൽ "ആളേറിയാൽ പാമ്പു ചാവില്ലെന്നേ" പറയാനുള്ളൂ.

അതുപോലെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ബ്ലോഗു വായന എന്നത്. ബ്ലോഗുകൾ സ്ഥിരമായി എഴുതുന്നവർ പോലും മറ്റുള്ളവരുടെ പോസ്റ്റുകളിൽ എന്തെങ്കിലും കുറിക്കുന്നതായി കാണുന്നില്ല. ആയതിനാൽ മറ്റുള്ളവരുടെ പോസ്റ്റുകൾ വായിച്ചു കമന്റെഴുതുന്നതിലും ശ്രദ്ധിക്കാൻ നിർദ്ദേശിക്കാൻ മറക്കരുതേ.

അപ്പൊ കാര്യങ്ങൾ തീരുമനിക്കാം....
എങ്ങനെ ചെയ്യണം...?
എന്തൊക്കെ ചെയ്യണം....?
ആദ്യം എവിടെയൊക്കെ ചെയ്യണം...?
അവിടെ ആരൊക്കെ ചെയ്യണം....?

ഓം... ഹ്രീം ചർച്ചകൾ വരട്ടെ....

ഓ.ടോ. നാലുകൊല്ലത്തിലധികമായി ബ്ലോഗുകൾ വായിക്കുന്നു, ഈ ബ്ലോഗിൽ ഇപ്പഴാ വരാൻ പറ്റിയത്. ഇന്നുതന്നെ ഒരു ബ്ലോഗു തുടങ്ങിയിട്ടുതന്നെ വേറേ കാര്യം.

കുരുവി said...

ജൂൺ 15നു മുമ്പ് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ബ്ലോഗ് ശില്പശാലകളോ മീറ്റോ ഉണ്ടായാൽ അറിയിക്കുല്ലോ
reemas006@gmail.com