Saturday, May 11, 2013

ബ്ലോഗെഴുത്ത് പരിശീലനക്കളരികൾ

ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ബ്ലോഗർസംഗമത്തിൽ മലയാളം ബ്ലോഗെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും സഹാകമാകുന്ന പല നിർദേശങ്ങളും ഉയർന്നു വരികയുണ്ടായി.

ഇവയിൽ ഏറ്റവും പ്രധാനമായത് 20 വയസിൽ താഴെയുള്ള തലമുറയെ മലയാളം എഴുതാൻ പ്രോത്സാഹിപ്പിക്കുക, അവരെ ബ്ലോഗിലേക്കാകർഷിക്കുക എന്നതാണ്. ഭാഷാപ്രേമികളായ ബ്ലോഗർമാരുടെ ഒരു കൂട്ടത്തിനു മാത്രമേ ആ നിർദേശം ഏറ്റെടുക്കാൻ കഴിയൂ.

നമുക്കെല്ലാവർക്കും അറിയുന്നതുപോലെ, വിവിധ തൊഴിൽ മേഖലകളിൽ നിന്നുതിരിയാൻ സമയമില്ലാതെ പണിയെടുക്കുന്നവരാണ് മലയാളം ബ്ലോഗെഴുത്തുകാരിൽ മിക്കവരും. എങ്കിലും ഈ മാധ്യമത്തോടുള്ള പ്രതിബദ്ധത, അവരിൽ കുറച്ചുപേരെയെങ്കിലും സാമ്പത്തികനേട്ടമില്ലാത്ത ഈ സംരംഭത്തിനു ചുക്കാൻ പിടിക്കാൻ പ്രേരിപ്പിക്കും എന്ന് ആശിക്കുകയാണ്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഏതെങ്കിലും ഒരു കോളേജ് വീതം തിരഞ്ഞെടുത്ത് അവിടെ ബ്ലോഗെഴുത്ത് പരിശീലനക്കളരി / ബ്ലോഗ് ശില്പശാല സംഘടിപ്പിക്കുകയാണ് നമ്മുടെ ഉദ്ദേശം. അതാത് കോളേജിലെ മലയാളം വിഭാഗവുമായി സഹകരിച്ചുകൊണ്ട് ഈ പരിപാടി നടത്താം എന്നാണ് ഉദ്ദേശിക്കുന്നത്.

അതിനായി ഓരോ ജില്ലയിലും നാലഞ്ചു പേരു വീതമെങ്കിലും മുന്നോട്ടു വന്നാൽ നമുക്ക് ശില്പശാലകൾ ആരംഭിക്കാം. അടുത്ത അധ്യയന വർഷം ജൂണിൽ തുടങ്ങുമല്ലോ. അധികം വൈകി പരീക്ഷക്കാലത്ത്  ശില്പശാല നടത്തുന്നതിനേക്കാൾ നല്ലത് വർഷാരംഭത്തിൽ ചെയ്യുന്നതാണ് എന്നതുകൊണ്ട് നമുക്ക് ജൂൺ മാസം തന്നെ ഈ പദ്ധതി ആരംഭിക്കേണ്ടതുണ്ട്.

അതുകൊണ്ട് ഇതിൽ സഹകരിക്കാൻ താല്പര്യമുള്ള പ്രിയ ബ്ലോഗർ സുഹൃത്തുക്കൾ തങ്ങളുടെ പേരും, ജില്ലയും ഇവിടെ കമന്റായി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏത് ദിവസം, ഏതു കോളേജിൽ വച്ച് പരിപാടി നടത്തണം എന്നത് നമുക്ക് നിങ്ങളുടെ സൌകര്യം കൂടി പരിഗണിച്ച ശേഷം തീരുമാനിക്കാം.

ഓരോ ജില്ലയിലും പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കാൻ തയ്യാറുള്ളവരുടെ ഒരു സംഘം ഉണ്ടായാൽ പിന്നീട് നമുക്ക് അനുയോജ്യമായ ഒരു കോളേജ് തിരഞ്ഞെടുക്കാം. കോളേജ് തിരഞ്ഞെടുത്താൽ സംഘാംഗങ്ങൾ അവിടുത്തെ പ്രിൻസിപ്പലുമായും, മലയാളഭാഷാവിഭാഗം മേധാവിയുമായും സംസാരിക്കണം. എഴുത്തിൽ താല്പര്യമുള്ള മുഴുവൻ അധ്യാപകരേയും, വിദ്യാർത്ഥികളേയും ശില്പശാലയിൽ പങ്കെടുപ്പിക്കാം.

അവർക്ക് ബ്ലോഗെഴുത്തിനെപ്പറ്റി എൽ.സി.ഡി. വച്ച് നമുക്ക് ക്ലാസെടുക്കാം. അതിന് കഴിഞ്ഞവർഷം തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നടന്ന ശില്പശാലയുടെ മോഡലിൽ ഒരു സിലബസും തയ്യാറാക്കാം. മൊത്തം രണ്ട്  മണിക്കൂറിൽ തീരുന്ന കാര്യങ്ങളേ വേണ്ടൂ. ഇവ സംഘാംഗങ്ങൾ ചർച്ച ചെയ്ത് ബലപ്പെടുത്തി അതാതു കോളേജുകളിൽ അവതരിപ്പിക്കണം.

എൽ.സി.ഡി പ്രൊജക്ടർ, സമ്മേളനസ്ഥലം എന്നിവ മലയാളവിഭാഗം ഒരുക്കണം.

ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ കോളേജ് യൂണിയന്റെ പരിപാടിയായി ഈ ഉദ്യമത്തെ മാറ്റരുത്. എന്നാൽ ഭരണ-പ്രതിപക്ഷഭേദമില്ലാതെ എല്ലാ വിദ്യാർത്ഥിസംഘടനകളേയും ഇതിലേക്ക് ക്ഷണിക്കാൻ സംഘാടകർ ശ്രദ്ധിക്കണം.

മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും നമ്മെ പിൻ തുണയ്ക്കും.

ഈ ശില്പശാലയുടെ പ്രചാരണത്തിനായി  “മലയാളത്തിൽ എഴുതൂ, വായിക്കൂ, ചിന്തിക്കൂ!” എന്ന മുഖവാചകം ഉപയോഗിക്കാം. ഇത് ആലേഖനം ചെയ്ത ഒരു മുദ്ര (ലോഗോ) ആരെങ്കിലും രൂപകല്പന ചെയ്താൽ നന്നായിരുന്നു. അതിന് സുഹൃത്തുക്കളിൽ ആരെങ്കിലും മുന്നോട്ടു വരും എന്നു പ്രതീക്ഷിക്കുന്നു.  നാട്ടിലെ ബ്ലോഗ് പ്രചരണത്തിന് നേരിട്ടു വരാൻ കഴിയില്ലെങ്കിലും ഇത്തരം കാര്യങ്ങളിലും, അഭിപ്രായരൂപീകരണത്തിലും, മറ്റുസഹായങ്ങളിലും പ്രവാസി ബ്ലോഗർമാരുടെ സഹായസഹകരണങ്ങൾ ഉണ്ടാവണമെന്നു കൂടി അഭ്യർത്ഥിക്കുന്നു. തിരൂർ മീറ്റ് സംഘടിപ്പിക്കാൻ നമ്മൾ നടത്തിയ ചർച്ച ഓർക്കുമല്ലോ.

എറണാകുളം, കൊല്ലം ജില്ലകളിൽ നടത്തുന്ന ശില്പശാലകളുടെ ആസൂത്രണത്തിലും നടത്തിപ്പുകളിലും ഞാൻ പങ്കെടുക്കും എന്നു വാഗ്ദാനം ചെയ്യുന്നു. ഇവിടെയും മറ്റു ജില്ലകളിലും ഇപ്രകാരം പ്രവർത്തിക്കാൻ തയ്യാറുള്ള സുഹൃത്തുക്കളെ ക്ഷണിച്ചുകൊള്ളുന്നു.


ജയൻ ഏവൂ‍ർ